മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന എന്റെ സഹപാഠി
മലയാളഭൂമി ശശിധരന്‍നായര്‍
മലയാളഭൂമി ശശിധരന്‍നായര്‍
ഇന്ന് ഗാന്ധിജയന്തി. ഇതുവരെ പറയാതിരുന്ന കാര്യം ഞാന്‍ ഇപ്പോള്‍ പറയുകയാണ്.
ഏതെങ്കിലും ഒരു ഗാന്ധിജയന്തി ദിനത്തില്‍ ആ വിവരം വെളിപ്പെടുത്തണമെന്ന് ഞാന്‍ നേരത്തേ ആഗ്രഹിച്ചിരുന്നു. അക്കാര്യം പറയാനായി പലവട്ടം പല ഘട്ടങ്ങളിലായി ഞാന്‍ മനസാ തയ്യാറെടുത്തെങ്കിലും സാധിച്ചില്ല. ഇപ്പോള്‍ അത് പറയാതെ വയ്യെന്നായിരിക്കുന്നു. അതിനാല്‍ ആ സത്യം ഞാന്‍ ഇതിനാല്‍ തെര്യപ്പെടുത്തുന്നു.
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്റെ സഹപാഠിയാണ്.
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി1869 ഒക്ടോബര്‍ 2 -നു ജനിച്ചു 1948 ജനുവരി 30 -നു ദിവംഗതനായി. പിന്നെ എങ്ങിനെയാണ് മഹാത്മാഗാന്ധിയുടെ ചരമത്തിനു ശേഷം ജനിച്ച ഞാന്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ സഹപാഠിയാകുന്നതെന്ന മാന്യവായനക്കാരുടെ സംശയം ന്യായം. പ്രിയപ്പെട്ടവരേ, സംശയത്തോടെഉടലെടുക്കാവുന്ന ആ ചോദ്യത്തില്‍ തികഞ്ഞ യുക്തിയുണ്ട്.
എന്നാല്‍ ദൈവനാമത്തില്‍ ഞാന്‍ നിങ്ങളോട് സത്യത്തില്‍ സത്യമായി ഗ്രഹിപ്പിക്കുന്നതു എന്തെന്നാല്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്റെ സഹപാഠിയാണ്.
എന്റെ പ്രിയപ്പെട്ടവായനക്കാരേ, ഞാന്‍ നിങ്ങളെ കൊടുങ്ങല്ലൂര്‍ താലൂക്കിലെ പുല്ലൂറ്റ് എന്ന ഗ്രാമത്തിലേക്ക് ക്ഷണിക്കുകയാണ്. പുല്ലൂറ്റ് ലേബര്‍ സ്കൂളില്‍ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം മോഹന്‍ദാസും ഞാനും അപ്പര്‍ പ്രൈമറി വിദ്യാഭ്യാസത്തിന്നായി വടക്കുംപുറത്തെ സ്കൂള്‍ എന്ന് വിളിച്ചിരുന്ന പുല്ലൂറ്റ് അപ്പര്‍ പ്രൈമറി സ്കൂളില്‍ പഠിക്കാനായി പോയി.
കോട്ടാലി വേലായുധന്ടെ മകന് മോഹന്‍ദാസിനെ എനിക്ക് പ്രൈമറി ക്ലാസ്സ് തൊട്ടേ അറിയാമായിരുന്നു. പ്രൈമറി ക്ലാസ്സുകളില്‍ എന്നോടൊപ്പം ആയിരുന്നെങ്കിലും ഞങ്ങള്‍ ഒരേ ക്ലാസ്സില്‍ പഠിച്ചിരുന്നോ എന്ന് ഓര്‍മ്മയില്ല. മോഹന്ദാസിന്ടെ അനുജത്തി ലീല എന്റെ അനുജത്തി പദ്മിനിയുടെ സഹപാഠിയാണ്. പദ്മിനിക്ക് താഴെ എനിക്ക് രാജേശ്വരി എന്നൊരു അനുജത്തി കൂടെയുണ്ട്. മോഹന്ദാസിന്ടെ അനുജത്തി ലീലയുടെ താഴെയാണ് ചിത്തരഞ്ജന്.
രാജേശ്വരിയുടെ സഹപാഠിയാണ് ചിത്തരഞ്ജന്.. ചിത്തരന്ജന് താഴെ മോഹന്‍ദാസിനു
മറ്റൊരു അനുജനോ അനുജത്തിയോ കൂടിയുണ്ട്. അവരുടെ പേരൊന്നും എനിക്കറിയില്ല.
അഞ്ചാംതരം കഴിഞ്ഞു ആറാംതരത്തില്‍ ഞാനും മോഹന്‍ദാസും ഒരേ ക്ലാസ്സിലായിരുന്നു. ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ വിമല എന്ന വേദവതിഅമ്മ.ടീച്ചറുടെ മകന് രാമചന്ദ്രന് ആ അവസരത്തില്‍ അഞ്ചാംതരത്തില്‍ ഞങ്ങളുടെ സ്കൂളിലായിരുന്നു.പഠിച്ചിരുന്
മഴയില്ലാത്തപ്പോഴെല്ലാം രാവിലെ സ്കൂള്‍ ഗ്രൌണ്ടിലാണ് അസംബ്ലി കൂടുന്നത്. അത്ര വലിയ ഗ്രൌണ്ട് ഒന്നുമല്ലെങ്കിലും രണ്ടു സ്കൂള്‍ കെട്ടിടങ്ങള്ക്കിടക്കുള്ള ആ ഗ്രൌണ്ട് അത്ര ചെറുതും ആയിരുന്നില്ല.ഹെഡ്മാസ്റ്റര് മനയ്ക്കലെ നമ്പൂതിരി മാഷ് എന്ന് ഞങ്ങള്‍ കുട്ടികള്‍ വിളിച്ചിരുന്ന മാമ്പറ്റ മനയ്ക്കല്‍ ശങ്കരന്‍നമ്പൂതിരിപ്പാട്. അസംബ്ലിയില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം അദ്ദേഹം ക്ലാസ്സ് ലീഡര്‍മാരുടെ സല്യൂട്ട് സ്വീകരിച്ചിരുന്നു. അഞ്ചില്‍ ഞാനായിരുന്നു ക്ലാസ്സ് ലീഡര്‍.
ആറിലെത്തിയപ്പോള്‍ ആ സ്ഥാനം ഇടതുചെവി അല്പം മടങ്ങിയ നല്ല കൈയക്ഷരമുള്ള
സുരേഷ്ബാബുവിനു ലഭിച്ചു. പ്രാര്‍ത്ഥനക്കും ക്ലാസ്സ് ലീഡര്‍മാരുടെ സല്യുട്ടിനും ശേഷം വിദ്യാര്‍ത്ഥികളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഹെഡ്മാസ്റ്റര് കുട്ടികളെ അഭിസംബോധന ചെയ്യും. അതിനു ശേഷം പത്രപാരായണവും ഉണ്ടായിരുന്നു. പ്രധാന വാര്‍ത്തകളുടെ പ്രത്യേകം അടയാളപ്പെടുത്തി കൊടുത്ത ഭാഗം സ്കൂള്‍ ലീഡര്‍ രണ്ടു മിനിറ്റില്‍ വായിക്കും. ക്രാഫ്റ്റ് എടുക്കുന്ന ഗോപു മാഷായിരിക്കും മിക്ക ദിവസങ്ങളിലും പ്രധാന വാര്‍ത്തകള്‍ വര്‍ത്തമാനപത്രത്തില്‍ അടയാളപ്പെടുത്തി കൊടുക്കുക.
ആ സ്കൂളില്‍ അഞ്ച്, ആറ്, ഏഴ് എന്നീ ക്ലാസ്സുകളേ ഉണ്ടായിരുന്നുള്ളൂ. ഓരോ ക്ലാസ്സിലും എ, ബി, സി, എന്നിങ്ങനെ മൂന്നു ഡിവിഷനുകള്‍.. സ്കൂളില്‍ ആകെ ഒന്‍പതു ക്ലാസ്സുമുറികള്‍. മാത്രം. ഞങ്ങള്‍ ആറാംതരത്തിലെ ബി ഡിവിഷനിലായിരുന്നു. എന്റെ രജിസ്റ്റര്‍ നമ്പര്‍ 1231 .
എന്റെ ഇരിപ്പടം ഫ്രന്റ് ബെഞ്ചില്‍ തന്നെയായിരുന്നു. ആദ്യം ക്ലാസ്സ് ലീഡര്‍ സുരേഷ്ബാബു. തൊട്ടടുത്ത് ഞാന്‍.. എന്റെ ആ സ്ഥാനം ക്ലാസ്സില്‍ ഞാന്‍ രണ്ടാമനാണെന്ന് അലിഖിതമായി സൂചിപ്പിക്കുന്നതായിരുന്നു. പിന്നെ കുട്ടന്, മോഹന്‍ദാസ്, ധര്മ്മന്. ഫ്രന്റ് ബെഞ്ചില്‍ ഇരുന്നിരുന്ന ഞങ്ങളെയെല്ലാം പഠിക്കാന്‍ മിടുക്കരായി കണക്കാക്കിയിരുന്നു.
ജൂണ്‍ ഒന്നിനാണ് സ്കൂള്‍ തുറന്നത്. ആദ്യത്തെ ചില ദിവസങ്ങളില്‍ ഹാജര്‍ എടുത്തിരുന്നില്ല. നാലാമത്തെ ദിവസം അസംബ്ലിക്ക് ശേഷം ക്ലാസിലെത്തിയ ഞങ്ങള്‍ 40 പേരുടെ ഹാജര്‍ വിമല ടീച്ചര്‍ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ വിളിക്കാന്‍ തുടങ്ങി. ആനന്ദന്, അശോകന്, ഭരതന്, ചന്ദ്രന്, ദിവാകരന്... ... അങ്ങിനെ പേരിന്ടെ ഊഴം ഇംഗ്ലീഷ് അക്ഷരമാലയിലെ എം
എത്തി. അപ്പോള്‍ അതാ വിമല ടീച്ചര്‍ ഒരു പ്രത്യേക പേര് വിളിക്കുന്നു : മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
കുട്ടന്ടെ അടുത്തിരുന്നിരുന്ന മോഹന്‍ദാസ് " പ്രസെന്റ് " ടീച്ചര്‍ എന്ന് എഴുനേറ്റു നിന്ന് പറഞ്ഞു. ക്ലാസ്സിലെ പല കുട്ടികളും അത് സാധാരണ ഹാജര്‍ അടയാളപ്പെടുത്തുന്നതിന്ടെ ഭാഗമായേ കണ്ടുള്ളൂ. എന്നാല്‍ ഞാന്‍ സാകൂതം മോഹന്ദാസിന്ടെ മുഖത്തേക്ക് നോക്കി. എന്റെ ചുണ്ടില്‍ ചിരിയും മനസ്സില്‍ കൌതുകവും ഒപ്പം വിരിഞ്ഞു.
അപ്പോള്‍ കുട്ടന്ടെ അടുത്തിരിക്കുന്ന മോഹന്‍ദാസ് ശരിക്കും മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ്. അതായത് സാക്ഷാല്‍ മഹാത്മാഗാന്ധിയുടെ പേരുകാരന്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ സഹപാഠിയായി കിട്ടിയല്ലോ എന്ന് അത്ഭുതത്തോടെയും സന്തോഷത്തോടെയും മനസ്സിലാക്കി പരിസരം മറന്ന് ഞാന്‍ കുറെ നേരം ഇരുന്നു.
സ്വാതന്ത്ര്യസമരകാലത്തെ തലമുറയുടെ ദേശസ്നേഹവും ദേശീയനേതാക്കളോടുള്ള ആദരവും വലുതായിരുന്നു. അതുകൊണ്ടാണ് ദേശസ്നേഹിയും ദേശിയനേതാക്കളോട് തികഞ്ഞ മതിപ്പും ഉണ്ടായിരുന്ന കോട്ടാലി വേലായുധന് തന്ടെ മൂത്തമകന് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന് പേരിട്ടത്. ഇന്ന് കാലം മാറി. ദേശസ്നേഹം ഇന്ത്യയും മറ്റു രാജ്യവുമായി ക്രിക്കറ്റ് കളി നടക്കുമ്പോള്‍ കവിളിലോ നെറ്റിയിലോ വാരിപ്പൂശുന്ന നിറങ്ങളിലോ ത്രിവര്ണത്തൊപ്പി ധരിക്കുന്നതിലേക്കോ വഴിമാറിയിരിക്കുന്നു. വളരെ കുറച്ചു പേര്‍ക്ക് മാത്രമേ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നു പേരുള്ള സഹപാഠിയെ ലഭിച്ചിട്ടുണ്ടായിരിക്കൂ എന്ന കാര്യം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു.
No comments:
Post a Comment